namasthe

Welcome to the Website of COAST-The Staff Club of Thrissur Collectorate.
COAST- Collectorate Officers Arts&Sports Team

Welcome.please write your comments &suggestions by clicking 'comment' link shown below the articles.

Wednesday, November 30, 2011

മുല്ലപെരിയാര്‍ തകര്‍ന്നാല്‍ . ....


അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.

No comments:

Post a Comment